വടക്കഞ്ചേരി: യുവതലമുറ വിശ്വാസത്തിലും സ്നേഹത്തിലും കൂട്ടായ്മയിലും വളരണമെന്നും സമൂഹത്തിനു നന്മ ചെയ്തുജീവിക്കാൻ മാതാപിതാക്കൾ അവരെ പ്രാപ്തരാക്കണമെന്നും ബിഷപ് എമരിറ്റസ് മാർ ജേക്കബ് മനത്തോടത്ത്. കണക്കൻതുരുത്തി രാജഗിരി തിരുഹൃദയ പള്ളിയിൽ ഈശോയുടെ തിരുഹൃദയ തിരുനാളിൽ ദിവ്യബലിയർപ്പിച്ച് സന്ദേശം നൽകുകയായിരുന്നു ബിഷപ്.
വികാരി ഫാ. ഡേവിസ് ചക്കുംപീടിക, ഫാ. ജസ്റ്റിൻ വട്ടമറ്റം എന്നിവർ സഹകാർമികരായി. മികച്ച വിജയം നേടിയവരെ ആദരിക്കലും വേദപാഠം കുട്ടികൾക്കുള്ള സമ്മാനദാനവും ഊട്ടുനേർച്ചയും നടന്നു. വികാരി ഫാ. ഡേവിസ് ചക്കുംപീടിക, കൈകാരന്മാരായ സന്തോഷ് വെള്ളമറ്റത്തിൽ, ആന്റോ വല്ലയിൽ എന്നിവരുടെ നേതൃത്വത്തിൽ വിശ്വാസസമൂഹം ബിഷപിനെ സ്വീകരിച്ചു.